Shammah Visual Ministry, Karukutty. (Part of Signature Visual Media)
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും നന്മയുടെ വഴിയെ സഞ്ചരിക്കാന്‍ ഉപകാരപ്രദമാകുന്ന വചനചിന്തകള്‍ ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍.... പ്രകാശത്തിന്‍റെ വചനങ്ങളിലൂടെയും വിശുദ്ധരുടെ വഴികളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും Action Song കളിലൂടെയും ദൈവരാജ്യ അനുഭവത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്ന വൈദികരും സന്യാസിനികളും അല്‍മായ ശുശ്രൂഷകരും കുട്ടികളും യുവജനങ്ങളും ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്ന്... കാണുക പങ്കുവയ്ക്കുക...


SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 2
കാവൽ മാലാഖമാർ

ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു.

ദൈവം അയക്കുന്ന വേലക്കാരും ദൂതന്മാരുമാണ് മാലാഖമാർ. ‘മാലാഖ’ എന്നാൽ ഗ്രീക്ക് ഭാഷയിൽ ‘ദൂത് വാഹകൻ’ എന്നാണർത്ഥം. കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുകയില്ലങ്കിലും, നമ്മുടെ ഇഹലോകയാത്രയിൽ അവർ നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും, പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ തുണച്ചും, ശാരീരിക അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും അവര്‍ നമ്മുക്ക് ഒപ്പമുണ്ട്. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ ഏർപ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസസത്യമാണ്.

“ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ നിന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:10) എന്ന ഭാഗം ധ്യാനിക്കാം. ”വിശുദ്ധഗ്രന്ഥത്തിൽ സർവ്വസാധാരണമായി പറയുന്ന 'മാലാഖമാര്‍' ശരീരമില്ലാത്ത ആത്മീയ ജീവികളുടെ സാന്നിദ്ധ്യം ഒരു വിശ്വാസ സത്യമായിട്ട്‘ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

“ജനനം മുതൽ മരണം വരെ, മാലാഖമാരുടെ, പ്രത്യേകിച്ചും, കാവൽ മാലാഖയുടെ സംരക്ഷണത്തിന്റേയും മദ്ധ്യസ്ഥാപേക്ഷയുടേയും വലയത്തിനുള്ളിലാണ് മനുഷ്യർ ജീവിക്കുന്നത്” (328). “ജീവനിലേക്ക് നയിക്കുവാൻ, ഓരോ വിശ്വാസിയുടേയും സമീപത്ത്, ഇടയനായും രക്ഷകനായും ഒരു മാലാഖ നിലയുറപ്പിച്ചിട്ടുണ്ട്” (336). സഹായകരായ മാലാഖമാരെ നമുക്കായി അയച്ചതിന് സഭ ദൈവത്തിന് ഉപകാര സ്തോത്രം ചെയ്യുന്നു; പ്രത്യേകിച്ച് പ്രധാന ദൂതന്മാരായ വിശുദ്ധ മിഖായേലിന്റേയും വിശുദ്ധ ഗബ്രിയേലിന്റേയും, വിശുദ്ധ റാഫേലിന്റേയും തിരുന്നാളായ സെപ്റ്റംബർ 29-നും കാവല്‍ മാലാഖമാരുടെ തിരുന്നാളായ ഇന്നും. ഇന്നത്തെ ഈ തിരുന്നാൾ ആദ്യമായി ആഘോഷിച്ചത്, പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ മാത്രമായിരുന്നു. 1670-ലാണ് ഇത് ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചത്.

വിശുദ്ധ ബെർണാർഡ് ഇപ്രകാരമാണ് പറയുന്നത്, "നിന്റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക; എന്തെന്നാൽ ആ ദൗത്യത്തിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. അവൻ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക".

സഹോദരരെ, ഏറ്റവും ലാളനാപൂർണ്ണമായ സ്നേഹത്തോടെ നാം ദൈവത്തിന്റെ മാലാഖമാരെ സ്നേഹിക്കണം; കാരണം ഒരുനാൾ അവർ നമ്മുടെ സ്വർഗ്ഗീയ കൂട്ടവകാശികൾ ആകുന്നവരാണ്. പിതാവ് ഇപ്പോൾ അയച്ചിരിക്കുന്ന ഈ ആത്മാക്കൾ, വരും കാലം നമ്മുടെ സംരക്ഷകരും വഴികാട്ടികളും ആകാൻ പോകുന്നവരാണ്. ഇപ്രകാരമുള്ള അംഗരക്ഷകർ ഉള്ളപ്പോൾ, നാം എന്തിനെ ഭയക്കണം? അവരെ ആർക്കും തോൽപ്പിക്കാനോ, വഞ്ചിക്കാനോ സാദ്ധ്യമല്ല; എല്ലാ വഴികളിലും നമ്മെ കാത്തു രക്ഷിക്കുന്ന അവർക്ക് ഒരു വിധത്തിലും വഴിതെറ്റി പോകുകയുമില്ല. അവർ വിശ്വസ്തരാണ്, അവർ ബുദ്ധിശാലികളാണ്, അവർ ശക്തരാണ്. അപ്പോൾ, പിന്നെ നാം എന്തിന് പേടിച്ച് വിറക്കണം?

നാം അവരുടെ പിന്നാലെ നടന്നാൽ മാത്രം മതി, അവരോട് ചേർന്ന് നിന്നാൽ മാത്രം മതി, അപ്പോൾ നാം അത്യുന്നതന്റെ ആലയത്തിൽ സുഖമായി വസിക്കും. ആകയാൽ, അടിക്കടിയുള്ള അഗ്നിപരീക്ഷ നിന്നെ തൊടാൻ തുടങ്ങുംമ്പോഴും, ഹൃദയഭേദകമായ ദു:ഖം നിന്റെ മേൽ വീഴാൻ തുടങ്ങുമ്പോഴും, സഹായകനായ അവനെ പ്രാർത്ഥിച്ചുണർത്തുക! ഉച്ചത്തിൽ വിളിച്ച് കേണപേക്ഷിക്കുക.

17 hours ago | [YT] | 270

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 1
ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യാ

‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തൂവാല തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു.
1887-ൽ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സിൽ, കർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവള്‍ ഒരു സാധാരണ സഭാജീവിതം നയിച്ചു; ഈ കാലയളവില്‍ പ്രത്യേക അത്ഭുതപ്രവർത്തികളോ, തീവ്ര വൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി ഇക്കാലത്ത് അവള്‍ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി.
സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികർക്ക് വേണ്ടി അവർ പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. ഇരുപത്തി നാലാം വയസ്സിൽ, 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗം മൂലം അവള്‍ നിര്യാതയായി. 1925-ൽ ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’ എന്ന അവളുടെ പ്രതിജ്ഞ, ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി.
പിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. ‘Story of a soul' എന്ന ആത്മകഥ അവളുടെ ആന്തരിക ജീവിതത്തിലേക്ക് അനേകര്‍ക്ക് ഇന്ന്‍ വെളിച്ചം പകരുന്നു. 1997-ൽ പോപ്പ് ജോൺപോൾ രണ്ടാമൻ, വിശുദ്ധയ്ക്കു Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു.

1 day ago | [YT] | 394

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 30
വേദപാരംഗതനായ വിശുദ്ധ ജെറോം

എ‌ഡി 345-നോടടുത്ത്, ദാൽമേഷ്യായിലെ സ്ട്രിഡോണിൽ ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂൾ വിദ്യാഭാസത്തിനു ശേഷം, 8 വർഷക്കാലം അദ്ദേഹം റോമിൽ പ്രസംഗകല അഭ്യസിച്ചു. ഇതിനു ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അദ്ദേഹം അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വർഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോൾ, അദ്ദേഹം കിഴക്കൻ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് അദ്ദേഹം, മാൽക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹർഷിയെ കണ്ടുമുട്ടി. ശൂന്യമായ ഒരു നിലവറയിൽ ചാക്കുതുണികൾ ധരിച്ച്, വേദ ഗ്രന്ഥ പഠനത്തിൽ മുഴുകി ജീവിക്കാൻ ഈ വിശുദ്ധന് ഉത്തേജനം നൽകിയത് ആ മഹർഷിയായിരുന്നു.

വൈകാതെ അദ്ദേഹം അന്തിയോക്യയിലേക്ക് തിരികെ വന്നു. വൈകാതെ, വൈദികനായി തിരുപട്ടം സ്വീകരിച്ചു. തന്റെ മെത്രാനുമൊത്തുള്ള കോൺസ്റ്റാന്റിനാപ്പോൾ (ഇസ്ത്താംബൂൾ) സന്ദർശന വേളയിൽ, അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസ്സിയാൻസെൻ, നിസ്സായിലെഗ്രഗറി എന്നിവരെ പരിചയപ്പെട്ടു. പിന്നീട് പോപ്പ് ഡമാസസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാൻ A.D 382-ൽ റോമിലേക്ക് പോയി. ഇവിടെ വച്ച്, അദ്ദേഹം തന്റെ ആത്മസുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും, അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മാർസെല്ലായേയും കണ്ടുമുട്ടി. ഇവിടെയും അദ്ദേഹം തന്റെ ശ്രേഷ്ഠമായ ജോലി ആരംഭിച്ചു.

പോപ്പിന്റെ ജോലി ചുമതലാപത്രവുമായി, സങ്കീർത്തനപുസ്തകത്തിന്റേയും, പുതിയനിയമത്തിന്റേയും ലത്തീൻ വിവർത്തനം പരിഷ്കരിക്കാൻ ആരംഭിച്ചു. അതീവശ്രദ്ധയോടും പാണ്ഢിത്യത്തോടും അദ്ദേഹം അത് നിർവ്വഹിച്ചു. അവസാനം, ജെറോം വിശുദ്ധ ഗ്രന്ഥം മുഴുവനായി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ന് അറിയപ്പെടുന്ന The Vulgate-എന്നത് ഈ വിവർത്തനമാണ്. എന്നാൽ പോപ്പ് ഡമാസ്സസിന്റെ മരണശേഷം, റോം വിട്ടു പോകാൻ ശത്രുക്കൾ അദ്ദേഹത്തെ നിർബന്ധിക്കുകയാണ് ചെയ്തത്.

പൗളായോടും യുസ്റ്റോച്ചിയമിനോടും ഒപ്പം, അദ്ദേഹം ബേത്ലഹേമിലേക്ക് പോയി. 420 ലെ മരണം വരെ 34 വർഷം ജീവിച്ചു. അവിടെ അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. പൗളായുടെ ചുമതലയിൽ ഒരു മഠവും ഉണ്ടായിരുന്നു. അവരുടെ മരണശേഷം, യുസ്റ്റേച്ചിയം ചുമതല ഏറ്റെടുത്തു. ബെത്ലഹമിൽ വരുന്ന എണ്ണമറ്റ തീർത്ഥാടകർക്ക് വേണ്ടി, അദ്ദേഹം ഒരു സത്രം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും, വാദപ്രതിവാദശേഷിയും, പ്രബന്ധങ്ങളും, കത്തുകളും പലപ്പോഴും രോഷം ഉയർത്തുന്നവയായിരുന്നു. “മനുഷ്യന്റെ ആത്മാവിനെ ശിരസ്സിലാണ് പ്ലേറ്റോ ദർശിച്ചത്, ക്രിസ്തുവോ ഹൃദയത്തിലും” വിശുദ്ധന്റെ പ്രസിദ്ധമായ വാക്യമാണിത്.

2 days ago | [YT] | 279

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 29
പ്രധാനമാലാഖയായ വി. ഗബ്രിയേല്‍,വി. റാഫേൽ വി. മിഖായേല്‍

മാലാഖമാര്‍ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറില്‍ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബര്‍ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേല്‍, ഗബ്രിയേല്‍ റാഫായേല്‍ എന്നിവരുടെ തിരുനാള്‍ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവര്‍.

മുഖ്യദൂതന്‍

ഗ്രീക്കു ഭാഷയില്‍ archangelos എന്നു പറഞ്ഞാല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള ഭൂതന്‍ അഥവാ പ്രധാന ദൂതന്‍ എന്നാണ് അര്‍ത്ഥം. മെത്രാന്‍ മെത്രാപ്പോലീത്താ എന്നിങ്ങനെ പറയുന്നതുപോലെ. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായല്‍ മാലാഖയെ മാത്രമേ മുഖ്യദൂതനായി പ്രതിപാദിക്കുന്നുള്ളു .
യൂദാസിന്റെ ലേഖനം ഒന്‍പതാം വാക്യത്തില്‍. ‘പ്രധാനദൂതനായ മിഖായേല്‍ 1 (യുദാസ് 1 : 9) എങ്കിലും ഗബ്രിയേലിനെയും റഫായേലിനെയും മുഖ്യദൂതന്മാരായി സഭ വണങ്ങുന്നു.
മുഖ്യദൂത്മാരെ വിശുദ്ധര്‍ എന്നു വിളിക്കുന്നത് എന്തിന്?
വിശുദ്ധര്‍ക്കുള്ള ഗ്രീക്കു വാക്ക് ഹാഗിയോസ് (hagios) എന്നാണ്. അതിന് മനുഷ്യരായ വിശുദ്ധ വ്യക്തികള്‍ എന്നു മാത്രം അര്‍ത്ഥമില്ല. അതിനാല്‍ മനുഷ്യരല്ലാത്ത വിശുദ്ധ ജന്മങ്ങളെയും വിശുദ്ധര്‍ എന്നു വിളിക്കാം. മുഖ്യദൂതന്മാരായ മിഖായേല്‍, ഗബ്രിയേല്‍ റാഫായേല്‍ എന്നിവര്‍ തിന്മയുടെ പക്ഷം ചേരാതേ ദൈവത്തോടൊപ്പം നിലകൊണ്ടവരാണ്. സാത്താന്റെ കുടില തന്ത്രങ്ങള്‍ക്കു വശംവദരാകാതെ ദൈവത്തോടൊപ്പം നിന്ന എല്ലാ മാലാഖമാരും വിശുദ്ധരാണ്.
വി. മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനം അല്ലങ്കില്‍ മിഖായേല്‍ മാലാഖയെ അനുസ്മരിച്ചു കൊണ്ട് നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഇംഗ്ലീഷില്‍ ‘Michaelmas’ എന്നാണ് പറയുക.

മിഖായേല്‍ മാലാഖ

മിഖായേല്‍ എന്ന പേരിന്റെ അര്‍ത്ഥം ദൈവത്തെപ്പോലെ ആരുണ്ട് എന്നാണ്. ‘Who is like God?’ എന്താണ് ഇത് അര്‍ത്ഥമാക്കുക ദൈവമാണ് ഏറ്റവും മഹോന്നതന്‍ എന്നാണ്. വിശുദ്ധ ഗ്രന്ഥത്തിലെ മൂന്നു പുസ്തകങ്ങളില്‍ മിഖായേല്‍ എന്ന പേരിനെപ്പറ്റി പരാമര്‍ശമുണ്ട്.
ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ‘പ്രധാന ദൂതന്‍മാരില്‍ ഒരാളായ മിഖായേല്‍ എന്റെ സഹായത്തിനെത്തി.’ (ദാനിയേല്‍ 10 : 13 ) എന്നു കാണാം .ദാനിയലിന്റെ പന്ത്രണ്ടാം അധ്യായത്തില്‍ മിഖായേല്‍
‘നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ ‘ (ദാനിയേല്‍ 12 : 1) എന്നാണ് മിഖായലിനെപ്പറ്റി പറയുക. അതു വഴി ഇസ്രായേല്‍ ജനത്തിന്റെ കാവല്‍ മാലാഖയായി മിഖായേലിനെ ചിത്രീകരിച്ചിരിക്കുന്നു. ഈ വചനഭാഗങ്ങളെല്ലാം ഇസ്രായേലിലെ ആത്മീയ ശക്തിക്കെതിരെ പടവെട്ടുന്നവരെ എതിര്‍ക്കുന്ന യോദ്ധാവായി മിഖായേലിനെ കാണുന്നു.
വെളിപാടിന്റെ പുസ്തകത്തില്‍ മിഖായലും മാലാഖമാരും പിശാചിനെതിരെ പടവെട്ടുകയും അവരെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുന്നതും കാണാന്‍ കഴിയും
( വെളി. 12:7-8). മിഖായലിന്റെ പേര് പരാമര്‍ശിക്കുന്നില്ലങ്കിലും വെളിപാടിന്റെ ഇരുപതാം അധ്യായത്തില്‍ സാത്താനെ ബന്ധിച്ച് പാതാളത്തിലേക്ക് വലിച്ചെറിഞ്ഞു ആയിരം വര്‍ഷത്തേക്കു മുദ്ര ചെയ്യുന്ന മാലാഖയായി ചിത്രീകരിച്ചിരിക്കുന്നു. ( വെളി. 20:1-3).
സഭാ പാരമ്പര്യമനുസരിച്ച് മിഖായേല്‍ മാലാഖ മരണസമയത്തു നമ്മുടെ ആത്മാക്കളെ സംരക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തു നിന്നു ആത്മാക്കളെ രക്ഷിക്കുകയും ചെയ്യുന്നു.

ഗബ്രിയേല്‍ മാലാഖ

ഗബ്രിയേല്‍ എന്ന പേരിന്റെ അര്‍ത്ഥം ദൈവം എന്റെ യോദ്ധാവ് എന്നാണ് അതായത് അടിസ്ഥാനപരമായി ദൈവം എന്റെ സംരക്ഷകന്‍ എന്നര്‍ത്ഥം.
ബൈബളിലെ രണ്ടു ഗ്രന്ഥത്തില്‍ ഗബ്രിയേലിനെപ്പറ്റി പരാമര്‍ശമുണ്ട്. ഒന്നാമതായി ദാനിയേല്‍ കണ്ട ദര്‍ശനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കാനായി ദൈവം നിയോഗിച്ച വ്യക്തിയാണ് ഗബ്രിയേല്‍ (ദാനിയേല്‍. 8:16). പിന്നിട് ദാനിയേല്‍ സായ്ഹാന ബലി അര്‍പ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറന്നു വരുകയും (ദാനി. 9:21) ഇസ്രായിലെ ഭാവിയെ സംബന്ധിച്ച് വര്‍ഷത്തിലേ എഴുപതു ആഴ്ചകളെക്കുറിച്ചുള്ള പ്രവചനം നടത്തുകയും ചെയ്യുന്നു. (ദാനി. 9:24-27).
ലൂക്കാ സുവിശേഷത്തില്‍ സ്‌നാപക യോഹന്നാന്റ ജനനത്തെപ്പറ്റി അറിയിക്കാന്‍ പുരോഹിതനായ സഖറിയായ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും (ലൂക്കാ 1:13-19) പരിശുദ്ധ കന്യകാ മറിയത്തെ രക്ഷകന്റെ ജനനത്തെക്കുറിച്ചു മംഗള വാര്‍ത്ത അറിയിക്കുന്നതും (ലൂക്കാ 1:26-33) ഗബ്രിയേല്‍ ദൂതനാണ്.
രക്ഷാകര ചരിത്രത്തിലെ സുപ്രധാനമായ രണ്ടു ജനനങ്ങളെപ്പറ്റി അറിയിക്കാന്‍ ഭാഗ്യം ലഭിച്ച ദൂതനാണ് പുതിയ നിയമത്തില്‍ ആദ്യം പേര് പരാമര്‍ശിക്കുന്ന ഗബ്രിയേല്‍ ദൂതന്‍.

റഫായേല്‍ മാലാഖ

ദൈവം സുഖപ്പെടുത്തുന്നു എന്നാണ് റഫായേല്‍ എന്ന പേരിന്റെ അര്‍ത്ഥം.
വിശുദ്ധ ഗ്രന്ഥത്തിലെ ഒരു പുസ്തകത്തിലേ റഫായലിനെക്കുറിച്ചുള്ള പരാമര്‍ശം ഉള്ളു. തോബിത്തിന്റെ പുസ്തകത്തില്‍ അന്ധനായ തോബിത്തും അസ്മോദേവൂസ് എന്ന ദുഷ്ടപിശാചിനാല്‍ ഏഴു ഭര്‍ത്താക്കന്മാര്‍ വധിക്കപ്പെട്ടവളുമായ സാറയും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
ഇരുവരുടെയും പ്രാര്‍ത്ഥന അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നു. രണ്ടു പേര്‍ക്കും സൗഖ്യം നല്‍കാന്‍ ദൈവം റഫായേല്‍ ദൂതനെ അയക്കുന്നു.
‘ഇരുവരുടെയും പ്രാര്‍ഥന ദൈവത്തിന്റെ മഹനീയ സന്നിധിയില്‍ എത്തി. അവര്‍ ഇരുവര്‍ക്കും ഉപശാന്തി നല്‍കാന്‍ – തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കംചെയ്യാനും, റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രന്‍ തോബിയാസിനു വധുവായി നല്‍കാനും, അസ്മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും- റഫായേല്‍ നിയുക്തനായി. (തോബിത് 3 :16- 17).
റഫായേല്‍ അനനിയാസിന്റെ പുത്രന്‍ അസറിയാസ് എന്ന ധാരണയില്‍ തോബിയാസിന്റെ സഹയാത്രികനായി (തോബിത് 5 : 12). ക്രമേണ റഫായേല്‍ പിശാചിനെ ബന്ധിക്കുകയും തോബിയാസിനു സാറായെ സുരക്ഷിതമായി വിവാഹം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. തോബിത്തിന്റെ അന്ധത മാറ്റാനുള്ള മാര്‍ഗ്ഗവും ദൈവദൂതന്‍ പറഞ്ഞു കൊടുക്കുന്നു .അവസാനം താന്‍ ആരാണന്നു റഫായേല്‍ തന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തി കൊടുക്കുന്നു.
‘ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്‍മാരില്‍ ഒരുവന്‍.’
(തോബിത് 12 : 15). സഭാപാരമ്പര്യമനുസരിച്ച് യോഹന്നാന്റെ സുവിശേഷം അഞ്ചാമധ്യായത്തില്‍ ബേത്സഥാ കുളത്തിലെ വെള്ളം ഇളക്കുന്ന പേരു പരാമര്‍ശിക്കാത്ത വ്യക്തി റഫായേല്‍ ദൈവദൂതനാണന്നു പറയപ്പെടുന്നു ഏറ്റവും എളുപ്പത്തില്‍ സമീപിക്കാന്‍ കഴിവുള്ള മുഖ്യദൂതനാണ് റഫായേല്‍ മാലാഖ .
മുഖ്യ ദൂതന്മാരുടെ തിരുനാള്‍ ദിനത്തില്‍ ദൈവത്തെപ്പോലെ ആരുണ്ട് എന്ന ചോദ്യത്തോടെ ദൈവമഹത്വം പ്രഘോഷിക്കുന്നവരും, ദൈവത്തിന്റെ ശക്തിയായ ഗബ്രിയേലിനെപ്പോലെ സത്യവിശ്വാസം സംരക്ഷിക്കുന്നവരും ദൈവത്തിന്റെ ഔഷധമായ റഫായേലിനെപ്പോലെ ലോകത്തിനു സൗഖ്യം പകരുന്നവരുമാകാം.

3 days ago | [YT] | 308

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര് 28
വിശുദ്ധ വെന്‍സെസ്ലാവൂസ്

ഏതാണ്ട് 907ല്‍ ബൊഹേമിയയിലെ പ്രേഗ് എന്ന സ്ഥലത്ത് ആണ് വിശുദ്ധ വെന്‍സെസ്ലാവൂസ് ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതോടെ രാജ്യത്തിന്റെ ഭരണം അദ്ദേഹത്തിന്റെ അമ്മയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. തന്റെ അമ്മൂമ്മയും വിശുദ്ധയുമായ ലുട്‌വില്ല വഴിയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. നല്ല ഒരു ക്രിസ്ത്യാനി മാത്രമല്ല നല്ല ഒരു ഭരണകര്‍ത്താവായിരിക്കുവാനും വിശുദ്ധ അദ്ദേഹത്തെ പഠിപ്പിച്ചു. വെന്‍സെസ്ലാവൂസ് രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ വിഗ്രഹാരാധകരായ മറ്റ് പ്രഭുക്കള്‍ അമ്മൂമ്മയെ വധിച്ചെങ്കിലും അഗാധവും ശക്തവുമായ ഒരു ക്രിസ്തീയ വിശ്വാസം അദ്ദേഹത്തില്‍ ഉളവാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

പിതാവിന്‍റെ സിംഹാസനത്തില്‍ അവരോധിതനാകുമ്പോള്‍ വെന്‍സെസ്ലാവൂസിന് 18 വയസ്സായിരുന്നു. മറ്റുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ അദ്ദേഹം സഭയുമായി ഒത്തുചേര്‍ന്ന് ധാരാളം വിഗ്രഹാരാധകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടികൊണ്ട് വന്നു. അനുകമ്പയിലൂന്നിയ ക്രിസ്തീയ ജീവിതത്തിന്‍റെ ഒരു നല്ല മാതൃക നല്‍കിയത് വഴി അദ്ദേഹത്തിന്‍റെ ജനങ്ങള്‍ക്കിടയില്‍ 'ബോഹേമിയയിലെ നല്ല രാജാവ്’ എന്ന പേരില്‍ അറിയപ്പെട്ടു.

തന്റെ ജീവിതകാലം മുഴുവനും കറപുരളാത്ത ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. നാടുവാഴിയായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് പിതാവിനു പോലെയും, അനാഥരോടും, വിധവകളോടും, പാവപ്പെട്ടവരോടും കാരുണ്യമുള്ളവനായിരുന്നു. തന്റെ സ്വന്തം ചുമലില്‍ വിറക് ചുമന്ന്‍ പാവപ്പെട്ടവരുടെ വീടുകളില്‍ അദ്ദേഹം വിറക് എത്തിക്കുമായിരുന്നു. തടവു പുള്ളികളെ മോചിപ്പിക്കുക, തടവറകളില്‍ പീഡനം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുക എന്നിങ്ങനെ പല നല്ല പ്രവര്‍ത്തികളും അദ്ദേഹം ചെയ്തിരുന്നു. ക്രിസ്തീയ പുരോഹിതന്മാരോട് വളരെയേറെ ബഹുമാനം അദ്ദേഹം പുലര്‍ത്തിയിരുന്നു.

എന്നാല്‍ വിശുദ്ധന്റെ സഹോദരനായ ബൊലെസ്ലാവൂസ് വിഗ്രഹരാധകനായി മാറി. 929 സെപ്റ്റംബര്‍ 28ന് വെന്‍സെസ്ലാവൂസ് വിശുദ്ധ കുര്‍ബാനക്കായി പോകുന്ന വഴി പള്ളിയുടെ പടിവതിക്കല്‍വച്ച് ബൊലെസ്ലാവൂസ് വിശുദ്ധനെ പിറകില്‍നിന്നു ഇടിച്ചുവീഴ്ത്തി. മരിക്കുന്നതിന്‌ മുമ്പ് വിശുദ്ധന്‍ തന്റെ സഹോദരന്റെ ആത്മാവിനോട് കരുണ കാണിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

രാഷ്ട്രീയ കാരണങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതെങ്കിലും വിശ്വാസത്തോട് ബന്ധപ്പെട്ട വഴക്കാണ് ഇതിനുള്ള മൂലകാരണമെന്നതിനാല്‍ സഭയുടെ രക്തസാക്ഷികള്‍ക്കിടയിലാണ് വിശുദ്ധന്റെ സ്ഥാനം. തന്റെ 22മത്തെ വയസ്സില്‍ വധിക്കപ്പെട്ട ഈ രാജാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മാധ്യസ്ഥനുമാണ്. ‘സ്ലാവ്’ ജനതകല്‍ക്കിടയില്‍നിന്നും നാമകരണം ചെയ്യപ്പെട്ട ആദ്യ വിശുദ്ധന്‍ കൂടിയാണ് വെന്‍സെസ്ലാവൂസ്.

4 days ago | [YT] | 300

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 27
വി. വിന്‍സെന്റ് ഡി പോള്‍ (1581-1660)

പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി 'കാരുണ്യത്തിന്റെ മധ്യസ്ഥന്‍' എന്നറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മപുതുക്കല്‍ സെപ്റ്റംബര്‍ 27-നാണ് തിരുസഭ കൊണ്ടാടുന്നത്. ഫ്രാന്‍സിന്റെ തെക്ക്‌-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ 1576 നും 1581നും ഇടക്കാണ് വിശുദ്ധന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹം ദൈവശാസ്ത്ര പഠനമാരംഭിച്ചു. 1600-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ കുറച്ചു കാലം ടൌലോസില്‍ അദ്ധ്യാപകവൃത്തി ചെയ്തു വന്നു.

1605-ല്‍ ഒരു കടല്‍യാത്രക്കിടയില്‍ വിന്‍സെന്റിനെ തുര്‍ക്കിയിലെ കടല്‍ക്കൊള്ളക്കാര്‍ പിടികൂടുകയും തങ്ങളുടെ അടിമയാക്കുകയും ചെയ്തു. ഏതാണ്ട് 1607-വരെ വിശുദ്ധന്റെ അടിമത്വം തുടര്‍ന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ തന്റെ യജമാനനെ മനപരിവര്‍ത്തനം നടത്തി ക്രിസ്തീയ വിശ്വാസത്തിലേക്ക്‌ കൊണ്ട് വരികയും അദ്ദേഹത്തോടൊപ്പം ടുണീഷ്യയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം തന്റെ സമയം മുഴുവനും റോമില്‍ പഠിക്കുന്നതിനു വേണ്ടിയായിരുന്നു ചിലവഴിച്ചത്. പിന്നീട് വിശുദ്ധന്‍ ഫ്രാന്‍സിലെ ഉന്നത കുടുംബാംഗങ്ങളുടെ ആത്മീയ ഗുരുവായും, അദ്ധ്യാപകനായും സേവനം ചെയ്തു.

തന്റെ ആര്‍ഭാടകരമായ ജീവിതത്തിനു വേണ്ടിയായിരുന്നു വിന്‍സെന്റ് പുരോഹിതവൃത്തി തിരഞ്ഞെടുത്തതെങ്കിലും, മരണത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന ഒരു കര്‍ഷകന്റെ കുമ്പസാരം കേള്‍ക്കുന്നതിനിടയായ വിന്‍സെന്റിന് മനപരിവര്‍ത്തനം സംഭവിച്ചു. പാവങ്ങളോട് അനുകമ്പ നിറഞ്ഞ മനസ്സുമായി വിശുദ്ധന്‍ ദരിദ്രര്‍ക്കായി നിരവധി ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും അവരെ സാമ്പത്തികമായും ആത്മീയമായും സഹായിക്കുവാനായി ധാരാളം സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കപ്പലുകളില്‍ തണ്ട് വലിക്കുവാന്‍ വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കിടയിലും തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഗ്രാമപ്രദേശങ്ങളില്‍ സുവിശേഷ വേലകള്‍ക്കുള്ള പുരോഹിതരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി 1625-ല്‍ വിന്‍സെന്റ് വൈദികർക്കായി 'കോൺഗ്രിഗേഷൻ ഓഫ് മിഷൻ' എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. അതിനു ശേഷം അധികം താമസിയാതെ പില്‍ക്കാലത്ത്‌ വിശുദ്ധനായി തീര്‍ന്ന ലൂയീസ്‌ ഡി മാരില്ലാക്കുമായി ചേര്‍ന്ന്, രോഗികളുടേയും പാവങ്ങളുടേയും തടവുകാരുടേയും ഇടയില്‍ സേവനം ചെയ്യുന്നതിനായി ആദ്യത്തെ സന്യാസിനീ സമൂഹത്തിന് രൂപം നല്‍കുകയും ചെയ്തു.

ലൂയീസിന്റെ മേല്‍നോട്ടത്തിന്‍ കീഴില്‍ ആ സന്യാസിനീ സമൂഹം ജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വരുക്കൂട്ടുകയും വിശുദ്ധ വിന്‍സെന്റ്‌ അത് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. ഈ സംഭാവനകള്‍ ഉപയോഗിച്ച് അനാഥരായ കുട്ടികള്‍ക്കായി അനാഥ മന്ദിരവും, വൃദ്ധമന്ദിരവും, ഏതാണ്ട് 40,000-ത്തോളം വരുന്ന പാവപ്പെട്ടവര്‍ക്കായി താമസിക്കുവാനും ജോലി ചെയ്യുവാനുമുള്ള ഒരു വിശാലമായ പാര്‍പ്പിട സമുച്ചയവും സ്ഥാപിക്കുകയുണ്ടായി. കൂടാതെ അഭയാര്‍ത്ഥികളെ സഹായിക്കുവാനും, അടിമകളായി വില്‍ക്കപ്പെടുന്നവരെ മോചിപ്പിക്കുന്നതിനും കൂടി ഈ സംഭാവനകള്‍ വിനിയോഗിച്ചു.

തന്റെ ഈ നേട്ടങ്ങള്‍ കാരണം ജീവിതകാലം മുഴുവനും വിശുദ്ധന്‍ ഒരുപാട് ആദരിക്കപ്പെട്ടുവെങ്കിലും, ആ പുരോഹിതന്‍ തന്റെ എളിമയും വിനയവും ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. ദരിദ്രരെ സഹായിക്കുവാനും തിരുസഭയെ ശക്തിപ്പെടുത്തുവാനുമാണ് വിശുദ്ധന്‍ തന്റെ പ്രശസ്തിയെ ഉപയോഗിച്ചത്. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ദൈവസ്നേഹത്തിന്റെ സര്‍വ്വ ലൌകികതയേയും, ദിവ്യകാരുണ്യസ്വീകരണത്തേയും നിരാകരിക്കുന്ന ‘ജാന്‍സനിസമെന്ന’ മതവിരുദ്ധവാദത്തിന്റെ ശക്തനായ എതിരാളിയായിരുന്നു. ഫ്രാന്‍സിലെ നിരവധി ആത്മീയ സഭകളുടെ നവീകരണത്തിലും വിശുദ്ധന്‍ പങ്കാളിയായിട്ടുണ്ട്.

1660 സെപ്റ്റംബര്‍ 27-നാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ മരണപ്പെടുന്നത്. വിശുദ്ധന്റെ മരണത്തിനും കുറച്ച് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ അതേ വര്‍ഷം മാര്‍ച്ചിലാണ് ലൂയീസ്‌ ഡി മാരില്ലാക്ക് മരണപ്പെടുന്നത്. 1737-ല്‍ ക്ലമന്റ് പന്ത്രണ്ടാമന്‍ പാപ്പാ, വിന്‍സെന്റ് ഡി പോളിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1835-ല്‍ ഫ്രഞ്ച് പണ്ഡിതനും വാഴ്ത്തപ്പെട്ടവനുമായ ഫ്രെഡറിക്ക് ഓസാനം വിശുദ്ധനെ പ്രചോദനമായി കണ്ടുകൊണ്ട് വിശുദ്ധന്റെ നാമത്തില്‍ പാവങ്ങളുടെ ആശ്വാസത്തിനായി പ്രവര്‍ത്തിക്കുന്ന ‘വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി' എന്ന സംഘടനക്ക്‌ രൂപം നല്‍കുകയുണ്ടായി.

5 days ago | [YT] | 184

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 26
വി. സിപ്രിയനും ജസ്റ്റിനയും (304)

മന്ത്രവാദിയില്‍ നിന്നു വിശുദ്ധനിലേക്കു വളര്‍ന്ന സിപ്രിയന്റെയും ശാരീരികമായും ആത്മീയമായും സുന്ദരിയായിരുന്ന ജസ്റ്റിനയുടെയും ജീവിതം ഒരു നാടോടിക്കഥ പോലെ സുന്ദരമാണ്. ദമാസ്‌കസില്‍ ജീവിച്ചിരുന്ന ജസ്റ്റിനയെ മന്ത്രവാദത്താല്‍ കീഴപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട സിപ്രിയന്‍ പിന്നീട് അവളുടെ ദൈവമായ യേശുവില്‍ അഭയം തേടുകയായിരുന്നു. വിഗ്രഹാരാധകരും റോമന്‍ ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നവരുമായ മാതാപിതാക്കള്‍ക്കു ജനിച്ച സിപ്രിയന്‍ മന്ത്രതന്ത്രങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ നടന്നിരുന്ന യുവാവായിരുന്നു. റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ജനത്തിനിടയില്‍ തന്റെ മന്ത്രവാദങ്ങളുമായി സിപ്രിയന്‍ ജീവിച്ചു. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ സുന്ദരിയായ മകളായിരുന്നു ജസ്റ്റിന. കുടുംബമഹിമയും അസാധാരാണ സൗന്ദര്യവുമുള്ള ജസ്റ്റിനയെ വിവാഹം കഴിക്കാന്‍ പലരും മോഹിച്ചിരുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ എന്നും കന്യകയായി കഴിയുമെന്ന് ജസ്റ്റിന ശപഥം ചെയ്തിരുന്നു. റോമന്‍ ദൈവങ്ങളുടെ ഉപാസകനായ ഒരു പ്രഭുകുമാരന്‍ എങ്ങനെയും അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. തന്റെ വിവാഹവാഗ്ദാനങ്ങള്‍ തള്ളിക്കളഞ്ഞ ജസ്റ്റിനയുടെ സമീപനം അയാളെ അസ്വസ്ഥനാക്കി. സ്വത്തും പ്രതാപവും സുഖജീവിതവും വാഗ്ദാനം ചെയ്തിട്ടും അവള്‍ വഴങ്ങാതെ വന്നതോടെ പ്രഭുകുമാരന്‍ സിപ്രിയനെ സമീപിച്ചു. റോമന്‍ ദൈവങ്ങളെ മന്ത്രവാദത്തിലൂടെ പ്രീതിപ്പെടുത്തിയാല്‍ തനിക്ക് ജസ്റ്റിനയെ സ്വന്തമാക്കാനാകുമെന്നാണ് അയാള്‍ വിശ്വസിച്ചിരുന്നത്. സിപ്രിയന്‍ തന്റെ മന്ത്രങ്ങളുമായി രംഗപ്രവേശം ചെയ്തു. തനിക്കറിയാവുന്ന അവസാന മന്ത്രവും അടവും സിപ്രിയന്‍ പ്രയോഗിച്ചുനോക്കി. എന്നാല്‍ ജസ്റ്റിനയുടെ വിശ്വാസത്തെ തകര്‍ക്കുവാന്‍ ഒരു മന്ത്രത്തിനും സാധിച്ചില്ല. നിരാശനായ സിപ്രിയന്‍ അവളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യേശുവിന്റെ നാമം മാത്രമായിരുന്നു ജസ്റ്റിനയുടെ ആയുധം. യേശുവിലുള്ള വിശ്വാസത്തിന്റെ ശക്തിയാല്‍ അവള്‍ എല്ലാ ആക്രമണങ്ങളെയും തോല്‍പിച്ചു. താന്‍ വിശ്വസിച്ചിരുന്ന റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വെറും കരിങ്കല്ലുകളാണെന്നും അവയില്‍ ദൈവമില്ലെന്നും സിപ്രിയന്‍ തിരിച്ചറിഞ്ഞു. തന്റെ മന്ത്രവാദഗ്രന്ഥങ്ങളെല്ലാം തീയില്‍ വലിച്ചെറിഞ്ഞശേഷം സിപ്രിയന്‍ യേശുവില്‍ വിശ്വസിച്ച് ക്രൈസ്തവ മതം സ്വീകരിച്ചു. പിന്നീട് ആദിമസഭയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ സിപ്രിയന്‍ നിരവധി പേരെ ക്രിസ്തുവിന്റെ വിശ്വാസികളാക്കി മാറ്റി. അക്കാലത്ത് ഡിയോക്ലീഷന്‍ എന്ന ക്രൈസ്തവവിരോധിയായ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ക്രൈസ്തവ മതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം അദ്ദേഹം കൊന്നൊടുക്കി. സിപ്രിയനും ജസ്റ്റിനയും അവര്‍ക്കൊപ്പം തടവിലാക്കപ്പെടുകയും എ.ഡി. 304ല്‍ നികോമെഡിയയില്‍ വച്ചു കൊല്ലപ്പെടുകയും ചെയ്തു.

6 days ago | [YT] | 44

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര് 25
വിശുദ്ധ ഫിന്‍ബാര്‍

കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു.

അദ്ദേഹത്തെപ്പറ്റി നിരവധി കഥകള്‍ നിപ്രചരിച്ചിട്ടുണ്ട്. അതിലൊന്നു, അദ്ദേഹം ഒരു മാലാഖയാല്‍ ഗൌഗാന ബരായിലെ ലീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് നയിക്കപ്പെടുകയും അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമം സ്ഥാപിക്കുകയും ചെയ്തു എന്നതാണ്. അവിടെ നിന്നുമാണ് കോര്‍ക്ക് സിറ്റി വികസിച്ചതെന്നാണ് വിശ്വാസം.

ഗൌഗാനയിലെ തടാകത്തിലെ ഭീകര സര്‍പ്പത്തെ വിശുദ്ധന്‍ കൊല്ലുകയും അങ്ങനെയുണ്ടായ ചാലില്‍ നിന്നുമാണ് ലീ നദി ഉത്ഭവിച്ചതെന്നുമാണ് മറ്റൊരു കഥ. 633ല്‍ ഫിന്‍ബാര്‍, ക്ലോയ്നെ എന്ന സ്ഥലത്ത് വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കോര്‍ക്കിലേക്ക് കൊണ്ട് വരികയും വെള്ളി കൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു.

1 week ago | [YT] | 130

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 24
വി. ജെറാഡ് സഗ്രേദോ (പതിനൊന്നാം നൂറ്റാണ്ട്)

ഹംഗറിയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന വി. ജെറാഡ് പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയിലെ വെനീസി ലാണ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്ന ജെറാ ഡിന്റെ പ്രസംഗങ്ങള്‍ ദൈവസ്‌നേഹവും എളിമയും ലയിച്ചു ചേര്‍ ന്നവയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു ദൈവിക ചൈതന്യം പ്രകടമായി കാണാമായിരുന്നു. ഉപവാസത്തോടും ദാനധര്‍മത്തോടും ചേര്‍ന്ന പ്രാര്‍ഥനയായിരുന്നു ജെറാഡിന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനം. പുരോഹിതനായ ശേഷം വെനീസിലെ ഒരു സന്യാസസഭയുടെ ചുമതല വഹിക്കുകയായിരുന്ന ജെറാഡ് വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുവാന്‍ ഒരു യാത്ര പോയി. പലസ്തീനിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹം ഹംഗറിയിലൂടെ കടന്നുപോയി. അവിടെ രാജാവായിരുന്ന സ്റ്റീഫനെ പരിചയപ്പെ ട്ടു. പിന്നീട് വിശുദ്ധ പദവി ലഭിച്ച സ്റ്റീഫന്‍ ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്നു. തന്റെ പുരോഹിതനായി സേവനമനുഷ്ഠിച്ച് കൊട്ടാരത്തില്‍ കഴിയണമെന്ന് സ്റ്റീഫന്‍ ജെറാഡിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ രാജാവിന്റെ സ്‌നേഹസമ്മര്‍ദ ത്തിനു വഴങ്ങി. രാജകുമാരനായ എമെറിക്കിനെ പഠിപ്പിക്കുക എന്ന ചുമതലയും ജെറാഡിനു ഉണ്ടായിരുന്നു. എമെറിക്കും പിന്നീട് വിശുദ്ധനായി അറിയപ്പെട്ടുവെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം ജെറാഡിന്റെ ശിഷ്യണമായിരുന്നു. സ്റ്റീഫന്‍ രാജാവിന്റെ മരണശേഷം അക്രൈസ്തവ മതങ്ങളുടെ ആക്രമണങ്ങളില്‍ വി. ജെറാഡ് കൊല്ലപ്പെട്ടു. ജെറാഡിനെ കുത്തിക്കൊന്ന ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

#dailysaints #dailyprayer

1 week ago | [YT] | 222

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 23
വിശുദ്ധ പാദ്രെ പിയോ

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധന്‍മാരില്‍ പ്രധാനിയാണ് പഞ്ചക്ഷതവാനായ പാദ്രെ പിയോ. യേശുവിനെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ പാദ്രെ പിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ദക്ഷിണ ഇറ്റലിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് പാദ്രെ ജനിച്ചത്. ബാലനായ പാദ്രെ ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും പ്രാര്‍ഥിക്കുവാനും ദേവാലയകര്‍മങ്ങളില്‍ പങ്കെടുക്കാനും താത്പര്യം കാട്ടിയ പാദ്രെ ആടുകളെ മേയ്ക്കാനായി ദൂരസ്ഥലങ്ങളിലേക്ക് പോകുമായിരുന്നു. അവിടെ ഏകനായി ആടുകള്‍ക്കൊപ്പം നടക്കുന്ന സമയം മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയ്ക്കായി നീക്കിവച്ചു. ഒരു പുരോഹിതനാകാന്‍ പാദ്രെ അതിയായി ആഗ്രഹിച്ചിരുന്നു. പത്തൊന്‍പതാം വയസില്‍ പാദ്രെ പിയോ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പാദ്രെയെ നിരവധി രോഗങ്ങള്‍ ശല്യപ്പെടുത്തിയിരുന്നു. കഠിനമായ ചുമയും ശ്വാസകോശരോഗങ്ങളും വൈദികവിദ്യാര്‍ഥിയായിരിക്കുമ്പോഴും പാദ്രെയെ ബാധിച്ചിരുന്നു. എന്നാല്‍, രോഗത്തിന്റെ പേരില്‍ വൈദികനാകുന്ന മോഹം ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയാറായില്ല. 22-ാം വയസില്‍ പാദ്രെ പൗരോഹിത്യം സ്വീകരിച്ചു. പുരോഹിതനായി എട്ടാം വര്‍ഷം, അതായത് 1918 സെപ്റ്റംബര്‍ 20 നാണ് പാദ്രെ പിയോയുടെ ജീവിതത്തില്‍ ദൈവത്തിന്റെ അദ്ഭുതം സംഭവിക്കുന്നത്. കുരിശിന്റെ ചുവട്ടില്‍ നിന്നു മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന പാദ്രെ പിയോയുടെ ശരീരത്തില്‍ യേശുവിന്റേതു പോലെ അഞ്ചു തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ സംഭവം വളരെ വേഗം പ്രചരിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അനുഗ്രഹം നേടുവാനും ദൂരെസ്ഥലങ്ങളില്‍ നിന്നുവരെ ആളെത്തുമായിരുന്നു. അദ്ദേഹം അര്‍പ്പിക്കുന്ന വി. കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ വിശ്വാസികള്‍ പ്രവഹിച്ചു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ജന്മനാടുകളില്‍ മടങ്ങിയെത്തിയ അമേരിക്കന്‍ സൈനികര്‍ പാദ്രെ പിയോയുടെ അദ്ഭുതകഥ അവിടെയെല്ലാം പ്രചരിപ്പിച്ചതോടെ വിദേശത്തുനിന്നു വരെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധനായി പാദ്രെയെ വിശ്വാസികള്‍ കണക്കാക്കിയിരുന്നു. പാദ്രെ പിയോ കുമ്പസാരിപ്പിക്കുന്നത് ചിലപ്പോള്‍ ഒരു മണിക്കൂറോളം നീണ്ടുപോകുമായിരുന്നു. എന്നാല്‍, അതോടെ ആ മനുഷ്യന്‍ പൂര്‍ണമായി ദൈവത്തിലേക്ക് തിരികെയെത്തിയിട്ടുണ്ടാവും. മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള കഴിവ് മൂലം പാപം അങ്ങോട്ട് ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരിപ്പിക്കല്‍. പാദ്രെയുടെ സ്പര്‍ശനത്തിലൂടെ രോഗങ്ങള്‍ സുഖപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പാദ്രെ പിയോ സ്ഥാപിച്ച് ആശുപത്രികളും പ്രാര്‍ഥനാഗ്രൂപ്പുകളും ഏറെ പ്രസിദ്ധി നേടി. 1968 ല്‍ പാദ്രെ പിയോ മരിച്ചു. 2002 ജൂണ്‍ 16 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പാദ്രെയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

1 week ago | [YT] | 398