Malluone Malayalam

Malluone Malayalam is a online news & entertainment channel.
Email:malluonemedia@gmail.com
Find us on facebook/ www.facebook.com/malluonemedia/
Find us on youtube /Malluone malayalam
Find us on instagram: /Malluone Malayalam


Malluone Malayalam

അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് 7 ദിവസത്തിനുള്ളിൽ തുറക്കാൻ തയാറെന്ന് വ്യക്തമാക്കി ഇറാൻ. മധ്യസ്ഥർ വഴിയാണ് യുഎസിനെ ഇക്കാര്യം ഇറാൻ അറിയിച്ചത്. ശത്രുതയ്ക്ക് ശാശ്വതമായ അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചർച്ചകൾ ആവശ്യമാണെന്നും യുഎൻ ജനറൽ അസംബ്ലി അമേരിക്കക്ക് മുന്നിലെ സുവർണാവസരമാണെന്നും ഇറാൻ.
അതേസമയം ഐക്യരാഷ്ട്രസഭയിൽ ഇറാനുമായി കൂടിക്കാഴ്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹൂതികളുമായുള്ള പോരാട്ടത്തിനിടയിലും സൗദി അറേബ്യയോടുള്ള സുരക്ഷാ പ്രതിബദ്ധതകൾ അമേരിക്ക പാലിക്കുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഹൂതികളുമായി നടക്കുന്നത് വളരെ അപകടകരമായ പോരാട്ടം. സൗദി അറേബ്യയുമായി അമേരിക്കക്ക് പ്രതിരോധ കരാറുണ്ട് അത് തങ്ങൾ പാലിക്കുമെന്നും റൂബിയോ വ്യക്തമാക്കി.
ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പുനൽകിയാൽ ചർച്ചയാകാമെന്ന് UNലെ അമേരിക്കൻ പ്രതിനിധി മൈക്ക് വാൾട്‌സ് പറഞ്ഞു. അതിനിടെ ഹൂതികൾക്ക് ഇറാൻ നൽകുന്ന സൈനിക പിന്തുണ അവസാനിപ്പിക്കണമെന്ന് ജി സെവൻ വിദേശകാര്യമന്ത്രിമാർ ഇറാനോട് ആവശ്യപ്പെട്ടു. ഹോർമുസിൽ രണ്ടാമത്തെ എണ്ണക്കപ്പലിനു നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തിൽ രണ്ട് നാവികർക്ക് പരുക്കേറ്റതായി യു കെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ വ്യക്തമാക്കി. ഇറാനെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ ഇറാനിയൻ വിമാനക്കമ്പനികളെ അന്താരാഷ്ട്ര യാത്രകളിൽ നിന്ന് വിലക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചിരുന്നു.
#iran #Israel #america #StraitOfHormuz

13 hours ago | [YT] | 3

Malluone Malayalam

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം 4 മുതൽ 10 വരെയാണ് ഇടക്കാല ജാമ്യം. അതേസമയം, ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 30-ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.
2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ (2021ൽ ജാമ്യം ലഭിച്ചു), ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്ക്, സലീം ഖാൻ, അത്താർ ഖാൻ, സഫൂറ സർഗർ (അറസ്റ്റിലായപ്പോൾ ഗർഭിണിയായതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം ലഭിച്ചു), ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, ദേവാംഗന കലിത (ജാമ്യം ലഭിച്ചു), നതാഷ നർവാൾ (ജാമ്യം അനുവദിച്ചു) എന്നിവരാണ് കേസിലെ പ്രതികൾ.
#Delhiprotests #Indianews

13 hours ago | [YT] | 2

Malluone Malayalam

ഗസ്സയിലെ 98 ശതമാനം സ്‌കൂളുകള്‍ക്കും ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്) റിപ്പോര്‍ട്ടുകള്‍ പ്രകാരം 6,60,000 കുട്ടികള്‍ക്ക് തങ്ങളുടെ പഠനം വര്‍ഷങ്ങളോളം നിര്‍ത്തേണ്ടതായി വന്നുവെന്നാണ്. പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉദ്ധരിച്ചുള്ള കണക്കാണ് യുണിസെഫിന്റേത്
22,000 വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 523 അധ്യാപകര്‍ ഉള്‍പ്പെടെ 770 ലധികം വിദ്യാഭ്യാസ പ്രവര്‍ത്തകരും കൊല്ലപ്പെട്ട ഒരു പ്രദേശത്താണ് വീണ്ടും സ്‌കൂള്‍ തുറക്കുന്നതെന്ന് ഈസ്റ്റേണ്‍ ഖാന്‍ യൂനിസ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇബ്രാഹിം റമദാന്‍ അല്‍ജസീറയോട് വെളിപ്പെടുത്തുന്നു. ”ഞാന്‍ അവസാനമായി സ്‌കൂളില്‍ പോയത് മൂന്ന് വര്‍ഷം മുമ്പായിരുന്നു,” ഖാന്‍ യൂനിസിലെ വിദ്യാര്‍ത്ഥിയായ മൊയ്ദ് അബു മുസ്തഫ പറഞ്ഞു. ”ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് പോലെയാണ്. ഇത് സന്തോഷത്തിന്റെയും വിജയത്തിന്റെയും വര്‍ഷം കൂടിയാണ്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങള്‍ പഠിക്കും. അതിന് ക്ലാസ് മുറിയായി ഞങ്ങള്‍ക്ക് ഒരു കൂടാരം ആണെങ്കില്‍ അത് മതി” മൊയ്ദ് അബു മുസ്തഫ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ ഷൂ, നോട്ട്ബുക്കുകള്‍, പേന ഇവയൊന്നും എല്ലാവര്‍ക്കും യഥാവിധി എത്തിയിട്ടില്ല. ഗസ്സയിലുടനീളം വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ ടാര്‍പോളിനുകള്‍, മെറ്റല്‍ഷീറ്റ്, മര ഉരുപ്പടികള്‍ എന്നിവ ഉപയോഗിച്ച് ഡസന്‍ കണക്കിന് താല്‍ക്കാലിക സ്‌കൂളുകളാണ് ഗസ്സയില്‍ സ്ഥാപിച്ചിരിക്കുന്നത്. ബെഞ്ചും ഡെസ്‌കും മേശയുമൊന്നും ഇല്ലാതെ നിലത്തുവിരിച്ചിട്ട മെത്തയിലിരുന്നാണ് ക്ലാസ് മുറികളില്‍ പഠനം നടക്കുന്നത്. താല്‍ക്കാലികമായ കൂടാരത്തില്‍ ഒന്നോ രണ്ടോ ബ്ലാക്ക്‌ബോര്‍ഡുകളും ഉണ്ട്. പ്രദേശത്ത് നിരവധി ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഏറിയ പങ്കും വീടുനഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.
ക്ലാസുകള്‍ വര്‍ഷങ്ങളോളം നിര്‍ത്തിവെച്ചപ്പോള്‍ ഇവിടുത്തെ കുട്ടികളുടെ പഠനം ഫോണുകളിലായിരുന്നു. ”ഞങ്ങള്‍ ഫോണുകളില്‍ പഠിച്ചു. ഈ സമയം ഞങ്ങളുടെ അധ്യാപകരെ കാണാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നം പിന്തുടരുകയാണ്. കുടുംബത്തോടൊപ്പം ഒരു കൂടാരത്തില്‍ താമസിക്കുന്ന 15 കാരിയായ സമര്‍ അബു സല്‍മി പറഞ്ഞു.
#Gaza #Israel #Children #Palestine

13 hours ago | [YT] | 1

Malluone Malayalam

ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി.
​വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ​ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം. അശാസ്ത്രീയ മരുന്ന് ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് സർക്കുലറിൽ‌ പറയുന്നു. തലവേദന, ശരീരവേദന, പനി തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങൾക്ക് പലരും സ്വമേധയാ വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. അതുപോലെ, ബാക്ടീരിയ അണുബാധയുണ്ടെന്ന് ഉറപ്പാക്കാതെയും ഡോക്ടറുടെ നിർദേശം ഇല്ലാതെയും ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന പ്രവണതയും ആശങ്കയുണ്ടാക്കുന്നതാണ്.
അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം മരുന്നുകളോട് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ, ആന്റിബയോട്ടിക്കുകൾ ആവശ്യമായ സാഹചര്യത്തിൽ മാത്രം, ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കണമെന്നാണ് നിർദേശം. പഴയ രോഗത്തിന് നൽകിയ ആന്റിബയോട്ടിക് സ്വയം വീണ്ടും ഉപയോഗിക്കരുത്. തുടർച്ചയായ വേദനയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കാരണം കണ്ടെത്തുന്നതിനായി ഡോക്ടറെ സമീപിക്കണമെന്ന് നിർദേശം.
#Antibiotic #Keralanews

13 hours ago | [YT] | 1

Malluone Malayalam

അഹമ്മദാബാദ്: ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായി നിറഞ്ഞാടിയ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച ഗായികയും ഛായാഗ്രഹണവും ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ നേടിയത്. 2024 ലെ സിനിമകൾക്കുള്ള എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഗുജറാത്തിലെ കെവാഡിയയിലെ ഏകതാ നഗറിൽ നടന്നു.
കാണികളെ ത്രസിപ്പിച്ച ഒന്നാന്തരം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക മികച്ച നടനുള്ള നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി അമിതാഭ് ബച്ചന്റെ റെക്കോഡിനൊപ്പം എത്തിക്കഴിഞ്ഞു. പരിമിതികളെ പൊരുതി തോൽപ്പിച്ച് ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലെ ‘അങ്ങ് വാന കോണില് ‘ എന്ന ഗാനത്തിന് മികച്ച ഗായികയുടെ പുരസ്കാരം ഏറ്റുവാങ്ങിയ വൈക്കം വിജയലക്ഷ്മിക്ക് വൻ കൈയ്യടി ആയിരുന്നു സദസ്സിൽ നിന്നും ലഭിച്ചത്.
ഷഹനാദ് ജലാൽ ഭ്രമയുഗത്തിലൂടെ മികച്ച ഛായഗ്രഹകനായപ്പോൾ ‘ഫെമിനിച്ചി ഫാത്തിമ’യുടെ നിർമാതാവും സംവിധായകനും മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളം ഡോക്കുമെന്ററി ‘ഭദ്രകാളി’ നാടകം പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി. തമിഴ് ചിത്രം ‘അമരനും’ ഹിന്ദി ചിത്രം ‘ആർട്ടിക്കിൾ ത്രീ സെവന്റി’യും ആയിരുന്നു പുരസ്‌കാരങ്ങളിൽ നിറഞ്ഞുനിന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ നിരവധി മികച്ച ചിത്രങ്ങളും ഇത്തവണ പുരസ്കാരങ്ങളുടെ ഭാഗമായി. മലയാളം സംവിധായകൻ ജയരാജ് ആയിരുന്നു ജൂറി ചെയർമാൻ.

#Mammootty #receives
#Nationalaward

13 hours ago | [YT] | 1

Malluone Malayalam

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്. ​30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ട്രായ് നിർബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ പായ്ക്കുകൾക്ക് പണം നൽകേണ്ടതില്ല. വോയ്‌സ്-എസ്എംഎസ് പ്ലാനുകൾക്ക് നിരക്ക് കുറയും. ഇത് സംബന്ധിച്ച് ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകി.
​30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ഇനി നിർബന്ധമാക്കി. ഡാറ്റ ആവശ്യമില്ലാത്തും ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കും ഡാറ്റാ പായ്ക്കുകൾ ഭാരമാകുന്നു എന്ന പരാതികളെ തുടർന്നാണ് ഈ സുപ്രധാന നീക്കം. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) ചട്ടങ്ങൾ പുറത്തിറക്കി. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളുടെ ലഭ്യതക്കുറവ് പ്രധാനമായും ബാധിച്ചത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെയും, വോയ്‌സ്-എസ്എംഎസ് സേവനങ്ങളോടൊപ്പം ഡാറ്റ കൂടി ഉൾപ്പെടുത്തിയുള്ള പ്ലാനുകൾക്കായി പണം മുടക്കാൻ ആഗ്രഹിക്കാത്തവരെയുമാണെന്ന് റെഗുലേറ്റർ വ്യക്തമാക്കി. കൂടാതെ, പ്രതിമാസം പുതുക്കാവുന്ന പ്ലാനുകളേക്കാൾ കൂടുതൽ കാലാവധിയുള്ള കുറഞ്ഞത് ഒരു സ്പെഷ്യൽ താരിഫ് വൗച്ചറുകൾ എങ്കിലും ടെലികോം കമ്പനികൾ നൽകേണ്ടതുണ്ട്.
രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇതിൽ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കാറില്ലായെന്നും ട്രായ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.
#Trai #Mobilerecharge #SMS #Internet

13 hours ago | [YT] | 2

Malluone Malayalam

കൊച്ചി: അബ്‌കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.
ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ആന്റോ വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.
മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകള്‍ എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനായി മുട്ടില്‍ പഞ്ചായത്തില്‍ നിന്നടക്കം തെളിവ് ശേഖരിച്ചു. 2025 വര്‍ഷത്തെ കെട്ടിടനികുതി 2026 മാര്‍ച്ചില്‍ അടച്ചതായാണ് പഞ്ചായത്ത് രേഖ. വീട് നിര്‍മിച്ച് പത്തുവര്‍ഷത്തിനുശേഷം 2022-ല്‍ ഉപയോഗരീതി മാറ്റുന്നതിനായി പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നു. ഹോംസ്റ്റേ പോലെ വാണിജ്യാവശ്യങ്ങള്‍ക്കുകൂടി ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു എന്നും എക്‌സൈസ് കോടതിയെ അറിയിക്കും.
വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി കാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങളടങ്ങിയ ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വാഴവറ്റയിലെ വീട് നിർമ്മിച്ചത് ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ ലംഘിച്ചാണെന്നും എക്സൈസ് പറയുന്നു. ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് പറഞ്ഞു.

#Antoaugustine #Bail #Kerala

13 hours ago | [YT] | 1

Malluone Malayalam

കോഴിക്കോട്: അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ചുകളഞ്ഞെന്ന് എക്സൈസ്. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല. ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനുമായി വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. തെളിവ് നശിപ്പിക്കലെന്ന് സംശയം.
അതേസമയം വീടിന്റെ വൈദ്യുതി കണക്ഷൻ ആന്റോയുടെ പേരിൽ തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ എക്സൈസിന് ലഭിച്ചു. ഒടുവിലത്തെ വൈദ്യുതി ബിൽ അടച്ചതും ആന്റോയുടെ പേരിലെന്ന് കണ്ടെത്തി. ആന്റോ അഗസ്റ്റിന്റെ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. വീട് തന്റേതല്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആന്റോ അഗസ്റ്റിൻ. കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ച, വാഴവറ്റയിലെ വീടിന്റെ അനധികൃത നിർമാണം അടക്കം എക്സൈസ് ഉയർത്തിക്കാട്ടും.
വാഴവറ്റയിലെ വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദത്തിനിടെ കൂടുതൽ രേഖകൾ പുറത്തുവന്നിരുന്നു. ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിൽ നൽകിയിരിക്കുന്നത് ഇതേ വീടിന്റെ മേൽവിലാസം. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ തുടരുന്നതിനായി മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. ഇക്കഴിഞ്ഞ മാസം മൂന്നാം തീയതി നൽകിയ മൊഴിയുടെ രേഖകളിൽ നൽകിയ വിലാസം തന്നെയാണ് വാഴവറ്റയിൽ അനധികൃതമായി മദ്യം പിടിച്ചെടുത്ത വീടിന്റെ വിലാസവും.
#Antoaugustine #Excisecase

1 day ago | [YT] | 1

Malluone Malayalam

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് സുഹൃത്ത് ശാരിക. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലാണ് രേണു ചികിത്സയിൽ കഴിയുന്നത്. അഞ്ച് കീമോതെറാപ്പികൾ പൂർത്തിയാക്കിയതിന് പിന്നാലെ ആരോഗ്യനില കൂടുതൽ മോശമായെന്നും ഇനി ഒരു കീമോ കൂടി താങ്ങാനുള്ള സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ശാരിക സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
രേണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബത്തിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് ശാരിക വ്യക്തമാക്കി. പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓരോ കീമോതെറാപ്പിക്ക് ശേഷവും രേണു കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിരുന്നത്. നാലാമത്തെ കീമോ വരെ ചികിത്സയ്ക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ ആരോഗ്യനില മെച്ചപ്പെട്ട് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ രേണുവിന് കഴിഞ്ഞിരുന്നു. എന്നാൽ അഞ്ചാമത്തെ കീമോയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം ആരോഗ്യനില വഷളായതായി ശാരിക പറഞ്ഞു.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് രേണുവിന് ഹാലുസിനേഷൻ പോലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായി ശാരിക പറയുന്നു. നിലവിലെ ആരോഗ്യസ്ഥിതിയിൽ മറ്റൊരു കീമോ നൽകുന്നത് വലിയ അപകടസാധ്യതയുള്ളതിനാൽ അതിന് ആശുപത്രി അധികൃതർ തയ്യാറാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും അവർ വ്യക്തമാക്കി.
ഭക്ഷണം കഴിക്കാനും രേണുവിന് ബുദ്ധിമുട്ടുണ്ടെന്നാണ് ശാരിക പറയുന്നത്. ആവശ്യമായ പോഷകങ്ങളും മരുന്നുകളും നൽകുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രേണു അനുഭവിക്കുന്ന വേദനയും കുടുംബം കടന്നുപോകുന്ന മാനസിക സമ്മർദവും വളരെ വലുതാണെന്നും ഈ സാഹചര്യത്തിൽ എല്ലാവരും രേണുവിനായി പ്രാർത്ഥിക്കണമെന്നും ശാരിക അഭ്യർത്ഥിച്ചു. കുടുംബത്തിന്റെ അനുമതിയോടെയാണ് ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം, രോഗത്തെ അതിജീവിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ രേണു നേരത്തെ പങ്കുവച്ചിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലും തന്റെ മകനെക്കുറിച്ചുള്ള ആശങ്കകളും ആഗ്രഹങ്ങളും അവർ തുറന്നുപറഞ്ഞിരുന്നു. ജോലിത്തിരക്കുകൾക്കിടെ മകനൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ആരോഗ്യം വീണ്ടെടുത്താൽ ജോലികൾക്കിടയിലും ദിവസങ്ങൾ മാറ്റിവച്ച് മകനൊപ്പം കഴിയണമെന്നാണ് ആഗ്രഹമെന്നും രേണു പറഞ്ഞിരുന്നു.
രോഗത്തെ മറികടന്ന് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു രേണു. ഇപ്പോൾ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിൽ രേണുവിന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലാണ് കുടുംബവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.
#renusudhi #Renusudhi #cancerawareness #KeralaNews #LatestNews

2 days ago | [YT] | 15

Malluone Malayalam

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബാലകൃഷ്ണൻ പെരുമാൾ (50), ബന്ധുവായ ചിന്നു (35) എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. രണ്ടു പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് മണ്ണും വെള്ളവും ഒഴുകിയെത്തി ഇവർ താമസിച്ച ഷെഡ് തകർന്നുവീണാണ് അപകടമുണ്ടായത്.
അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മാരിയമ്മാളിനെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ്ഡ് മണ്ണൊലിച്ച് വന്ന് തകരുകയായിരുന്നു. മൂന്ന് പേരും ഷെഡിനകത്ത് ഉണ്ടായിരുന്നു. സമീപപ്രദേശങ്ങളിൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് മഴ മാറി
കോട്ടയത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തീക്കോയി, തലനാട്, വാഗമൺ പ്രദേശങ്ങളിൽ ആണ് മഴ ശക്തമായി പെയ്യുന്നത്. മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തീക്കോയി വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞു രണ്ടു കാറുകൾക്ക് മുകളിലേക്ക് വീണു. യാത്രക്കാർ സുരക്ഷിതരാണ്.
#Kottayam #Idukki #Heavyrain

2 days ago | [YT] | 2